ബുധനാഴ്‌ച, മേയ് 25

സൂര്യനില്‍ നിന്നും ഒളിച്ചു പാര്‍ത്ത ഒരാള്‍

ഒന്ന്

വാതില്‍ മറവില്‍ നിന്ന്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.
ഏത് അന്ധന് പോലും കാണാവുന്ന നട്ടുച്ചയ്ക്ക്
അയാള്‍ വിളിച്ചു പറഞ്ഞു :
ഞാന്‍ സൂര്യനെ കാണുന്നേയില്ല.

സ്വപ്നത്തിന്‍റെ കരവിരുത്
കൊമ്പും ചില്ലയും തീര്‍ക്കുമ്പോള്‍
എന്‍റെ സസ്യത്തിന്
നിന്‍റെ കാറ്റും വെളിച്ചവും വേണ്ട.


ഗ്രഹങ്ങളില്‍ ഒന്നേ എന്ന്
നീ ഭൂമിയെ പുച്ഛിക്കാതെ;
നീ കണ്ടിട്ടില്ല
ചന്ദ്ര നക്ഷത്രങ്ങള്‍ തീര്‍ത്ത ഭൂമിയുടെ കിരീടം,
വൈദ്യുത ദീപങ്ങള്‍ അലങ്കരിച്ച ഭൂമിയുടെ ഉടയാട.

ആരോ വാതിലില്‍ മുട്ടുന്നു:
ഞാന്‍ സൂര്യനെ പോലെ ജ്വലിക്കാമെന്ന് ഒരു കരിക്കട്ട;
നിന്‍റെ ചാമ്പല് തുടയ്ക്കാന്‍ എനിക്ക് വയ്യ.
ഞാന്‍ നിവര്‍ന്നു കത്താമെന്നു ഒരു മെഴുകു തിരി
നിന്‍റെ പതുങ്ങി നില്‍പ്പ് എനിക്കിഷ്ടമല്ല.

ഓരോ പ്രഭാതത്തിലും ഏകാകികളില്‍ ഏകാകി വരുന്നത്
വാതിലിന്‍റെ പുറം അകത്തോട് മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു
ഉടുതുണി ഉരിഞ്ഞെടുത്തു ഞാന്‍ ജനല്‍ പാളികള്‍ മറയ്ക്കുന്നു.

നഗ്നരില്‍ നഗ്നന്‍
ഇണ ചേരാത്തവന്‍ എന്ന് നീ പരിഹസിക്കുന്നു.

ഉറക്കത്തില്‍ ഇരുള്‍ മുടി നിവര്‍ത്തി എന്നെ പൊതിയുന്നു
ഞാന്‍ അപരിചിത ഗന്ധങ്ങളുടെ തടവുകാരനാകുന്നു
ആകെ നനയുന്നു.
ഒരു കുഞ്ഞു സൂര്യന്‍ എന്‍റെ കണ്ണുകളില്‍ ഉദിക്കുന്നു
ദുസ്വപ്നത്തില്‍ വീശിയ ഉഷ്ണക്കാറ്റില്‍
എന്‍റെ സസ്യത്തിന്റെ കൊമ്പും ചില്ലകളും ഒടിയുന്നു.


രണ്ട്

സൂര്യാ നീ പ്രകൃതിയുടെ വിധാതാവ്
കണ്ണടച്ചിരുട്ടാക്കാനല്ലാതെ എനിക്കെന്തു സാധ്യം ?
നീ എന്‍റെ ഇരു കണ്ണുകളെയും
വെളിച്ചത്തിലേക്ക് കുത്തി പൊട്ടിക്കേണമേ
എന്നെ തീരാത്ത ആനന്ദങ്ങളുടെ പാട്ടുകാരനാക്കേണമേ
വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ഞാനും ഏറ്റുപാടട്ടെ!!