ബുധനാഴ്‌ച, ഓഗസ്റ്റ് 26

ഒന്നിന്

എപ്പോഴും തോന്നുമിതിന്.
ഒരു വേലിമ ഉചിതമാണ് നാട്ടില്‍
നഗരത്തില്‍
അന്‍പതിന്റെ തുട്ടു തരും
സൗകര്യം.

മുട്ടുന്നു മുട്ടുന്നു എന്ന്
ചങ്ങാതിയോട്‌ തിരക്ക് കൂട്ടുമ്പോള്‍
വീട്ടില്‍ ആയിരുന്നെങ്കിലെന്നു
തോന്നും .

കളിക്കാനിറങ്ങും മുന്‍പ്
നടക്കാനിറങ്ങും മുന്‍പ്
വീട്ടില്‍ നിന്നിറങ്ങും മുന്‍പ്
പോകും
അതാണ് പതിവ്.

പതിവ് തെറ്റിച്ചാല്‍
പലതും വരും;
തിരക്കുള്ള ബസ്സില്‍ നിന്ന്,
ക്ലാസ്സ് മുറിയില്‍ നിന്ന്,
ഇടയ്ക്കിറങ്ങി പോകണം;
ഇടമുണ്ടോ എന്ന് തിരക്കണം;
അപ്പുറത്ത് നിന്ന്
ഒരു സ്ത്രീ വരുന്നത്
കണ്ടില്ലെന്ന് നടിക്കണം.

എപ്പോഴുമിങ്ങനെ
ഭൂമി നനച്ചു നടക്കുമ്പോള്‍
കുട്ടിക്കാലത്ത്
മുറ്റത്തെ ചെടി പോലും നനച്ചില്ലെന്നോര്‍ക്കും;
അതാണ് സങ്കടം.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20

ആകാശം നോക്കി

ആകാശം കാണും നേരം
അമ്മയെ കാണും പോലെ
നക്ഷത്രമെണ്ണിത്തീര്‍ക്കാന്‍
സങ്കടം വിരലില്ല .

അമ്പിളിമാമന്‍ എന്തേ
പിന്നാലെ കൂടുന്നിപ്പോള്‍
അമ്മയെപ്പോലെതന്നെ
വഴിയില്‍ കൂടെ പായാന്‍..

ടോര്‍ ച്ചൊന്നു തെളിക്കുമോ-
ആകാശത്തിരുട്ടിലേ;-
ക്കൊളിച്ചു കളിക്കുന്നു
കുറുമ്പന്‍, പിടിച്ചോളാം.

കണ്ണുകള്‍ കഴച്ചാലും
സാറ്റ്‌ അടിക്കാതെയിനി
വീട്ടിലെക്കില്ലേയില്ല
കൂട്ടാരുമില്ലെങ്കിലും .

ആകാശം നോക്കി,ക്കുത്തി-
യിരിപ്പ് സദാനേരം
വെളിച്ചം തരേണമേ
ഇരുളിന്‍ കയം കാണാന്‍.