ഞായറാഴ്‌ച, ഒക്‌ടോബർ 11

അമ്മയുടെ പലഹാരങ്ങള്‍

വായില്‍ വെള്ളമൂറാത്ത
പലഹാരങ്ങള്‍ ആയിരുന്നു
അമ്മയ്ക്കുണ്ടാക്കാനിഷ്ടം .
ഗോതമ്പ് വട
അവലോസുപൊടി
അരിപ്പൊടി പിടി .

പുണ്യാളന്‍മാര്‍ക്കായിരുന്നു
പലഹാരങ്ങളോട് കൂടുതലിഷ്ടം.
കോഴിപ്പേന്‍ പടരുമ്പോള്‍
അന്തോണീസ് പുണ്യാളന്
അവലോസുപൊടി ;
കട്ടുറുമ്പ് പെരുകുമ്പോള്‍
തദെവൂസിനു
അരിപ്പൊടി പിടി;

വിശപ്പിനെ പോറ്റാന്‍
അമ്മ
വിയര്‍പ്പിന്‍റെ ഉപ്പ്
വിളമ്പി .

കുട്ടിക്കാലത്ത്
അമ്മയുടെ സ്നേഹത്തിന്
മധുരത്തേക്കാള്‍
ഉപ്പായിരുന്നു



ഞായറാഴ്‌ച, ഒക്‌ടോബർ 4

കനമില്ലാത്ത നടത്തം

കുട്ടിക്കാലത്ത്‌
പള്ളിക്കുന്ന് കേറുമ്പോള്‍
മുട്ട് മടങ്ങി
താളം
തെറ്റിയതോര്‍മ്മയുണ്ട് .

അന്നുമുതല്‍
അവതാളത്തില്‍
എന്നെപ്പോലെ -
നടക്കാന്‍ തുടങ്ങി ;

താളം തെറ്റി
സൂര്യനിലേക്ക് പറക്കുന്ന
അപ്പൂപ്പന്‍ താടി പോലെ .


പിന്നീട്
നടന്ന വഴികളൊന്നും
മറന്നിട്ടില്ല.

ഓര്‍മ്മകള്‍ക്കേ അറിയൂ
കനമില്ലാത്ത
നടത്തം .