ഞായറാഴ്‌ച, ഒക്‌ടോബർ 11

അമ്മയുടെ പലഹാരങ്ങള്‍

വായില്‍ വെള്ളമൂറാത്ത
പലഹാരങ്ങള്‍ ആയിരുന്നു
അമ്മയ്ക്കുണ്ടാക്കാനിഷ്ടം .
ഗോതമ്പ് വട
അവലോസുപൊടി
അരിപ്പൊടി പിടി .

പുണ്യാളന്‍മാര്‍ക്കായിരുന്നു
പലഹാരങ്ങളോട് കൂടുതലിഷ്ടം.
കോഴിപ്പേന്‍ പടരുമ്പോള്‍
അന്തോണീസ് പുണ്യാളന്
അവലോസുപൊടി ;
കട്ടുറുമ്പ് പെരുകുമ്പോള്‍
തദെവൂസിനു
അരിപ്പൊടി പിടി;

വിശപ്പിനെ പോറ്റാന്‍
അമ്മ
വിയര്‍പ്പിന്‍റെ ഉപ്പ്
വിളമ്പി .

കുട്ടിക്കാലത്ത്
അമ്മയുടെ സ്നേഹത്തിന്
മധുരത്തേക്കാള്‍
ഉപ്പായിരുന്നു



ഞായറാഴ്‌ച, ഒക്‌ടോബർ 4

കനമില്ലാത്ത നടത്തം

കുട്ടിക്കാലത്ത്‌
പള്ളിക്കുന്ന് കേറുമ്പോള്‍
മുട്ട് മടങ്ങി
താളം
തെറ്റിയതോര്‍മ്മയുണ്ട് .

അന്നുമുതല്‍
അവതാളത്തില്‍
എന്നെപ്പോലെ -
നടക്കാന്‍ തുടങ്ങി ;

താളം തെറ്റി
സൂര്യനിലേക്ക് പറക്കുന്ന
അപ്പൂപ്പന്‍ താടി പോലെ .


പിന്നീട്
നടന്ന വഴികളൊന്നും
മറന്നിട്ടില്ല.

ഓര്‍മ്മകള്‍ക്കേ അറിയൂ
കനമില്ലാത്ത
നടത്തം .

ഞായറാഴ്‌ച, സെപ്റ്റംബർ 27

തൃശ്ശൂരിലേക്കുള്ള വഴി

മഴ ജനലടച്ച ബസ്സുപോലെ യാത്രക്കാരന്‍റെ ഹൃദയം.

സഹയാത്രക്കാരാ
മഴയിലേക്ക്‌ നെഞ്ച് തുറന്നുവെയ്ക്കുക
സ്നേഹത്തിന്‍റെ സമ്മതം കൊണ്ടു
ഇത്തിരി നേരം നനഞ്ഞിരിക്കാം .

മഴയുടെ ആത്മാവിലേക്ക്
ഒരു എത്തി നോട്ടം
ഭൂമിയുടെ വിശുദ്ധിയിലേക്കു
മഴ നൂലില്‍ ഒരു ഊഞ്ഞാല്‍ ആട്ടം .

ഒരു തുള്ളി ഇരു തുള്ളി
നിന്‍റെ കണ്ണേറുപോലെ
മഴയുടെ കുസൃതി .

2

ആകാശ വൃക്ഷങ്ങളുടെ വിരഹദൂതുമായി ഇലകള്‍
ഇല ഞരമ്പുകളുടെ ലിപി വായിക്കാന്‍
പ്രണയത്തിന്‍റെ വ്യാകരണം

ഭൂമിയേക്കാള്‍ പ്രണയാതുരനായി യാത്രക്കാരന്‍
സ്നേഹത്തിന്‍റെ വൃക്ഷ ഛായയില്‍ പ്രണയിനിയുടെ ഉടല്‍
മഞ്ഞച്ച മുരിങ്ങയിലയില്‍ പ്രണയത്തിന്‍റെ വെളിപാട്‌.

3

പൂക്കാലങ്ങളുടെ വാത്സല്യത്താല്‍
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിഞ്ഞു പോകില്ലെന്നും
വിരഹ വിശുദ്ധിയാര്‍ന്ന മൗനത്തിന്‍റെ സാന്ദ്രതയില്‍
തുളസിക്കതിരായി പുനര്‍ജനിക്കുമെന്നും
തൃശ്ശൂരിലേക്കുള്ള വഴി യാത്രക്കാരന്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.

( നഗരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഏത് യാത്രക്കാരനും
വീണ്ടു വിചാരമുണ്ടാകുന്നു . എല്ലാവരും
മടങ്ങി പോകുന്നവരാണെങ്കിലും ഞാനും നീയും ഒറ്റയ്ക്കല്ല )

ദൈവത്തിന്‍റെ വിരല്‍ പൊക്കവും
കുട്ടിയുടുപ്പ് അണിയുന്ന ആത്മാവും
നിനക്കു സ്വന്തം .
പ്രണയത്തിലേക്ക് ഏത്തമിടുമ്പോള്‍
എന്തൊരു ആനന്ദമാണ് എനിക്ക് .

(മാധ്യമം

ചൊവ്വാഴ്ച, സെപ്റ്റംബർ 15

കൂട്ടുകാരിയോട്

കണക്കു ക്ലാസ്സില്‍ രണ്ടറ്റത്തിരുന്നു
നാം കാഴ്ച്ചയും കൌതുകവുമായി
നീ പേരെഴുതിയ താളില്‍ ഉമ്മവെക്കാന്‍
ഞാന്‍ കടം വാങ്ങി നിന്‍റെ പുസ്തകം

മലയാളം ക്ലാസ്സില്‍
വ്രതശുദ്ധ ദുശ്ശാസനന്‍
കവിത അഴിച്ചു അക്ഷരങ്ങളെ മാനം കെടുത്തിയപ്പോള്‍
ക്ലിപ്പ് ചെയ്ത മുടിക്കെട്ട്‌
പിന്നിയിട്ടവളാണ് നീ

തെറ്റാത്ത കണക്കുകളാണ്
ഞാന്‍ നിനക്കു പറഞ്ഞു തന്നത്
അറിവില്ലായ്മയുടെ അഹന്തയാല്‍ ഉത്തരം മുട്ടുമ്പോള്‍
നീയാണെന്നെ ശാസിച്ചത്

അക്കങ്ങള്‍ പ്രണയത്തിന്‍റെ -
ദേവകാരുണ്യ ലിപികളാണെന്നും
അക്കങ്ങള്‍ തെറ്റരുതെയെന്നും
നീയെന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടെയിരുന്നു

ഒരു നാള്‍ ഉച്ചയിലെ നേരമ്പോക്കില്‍
നീ എന്നോട് ചോദിച്ചു
ഏറ്റവും ഇഷ്ടപെട്ട അക്കമേതാണ് ?
മൂന്ന് മൂലകളുള്ള നാല് ഒരു വീടാണ്
ഭൂകമ്പങ്ങളുടെ കാലത്ത്
മൂലകളില്‍ ഉണര്‍ന്നിരിക്കുക സുരക്ഷിതമാണ്

നമുക്കിടയിലെ അകലം കടലല്ല ;
നിന്‍റെ സീമന്ത രേഖ പോലുള്ള
ക്ലാസ്സ്‌ മുറിയിലെ വഴി വിടവാണ്.
ഞാന്‍ വായിച്ചു തീര്‍ന്ന പുസ്തകം പോലെ
നീ മുഖം മടക്കി സൂക്ഷിച്ചപ്പോള്‍
വസന്തത്തിലെ വേദന
ചിറകു അടരുന്ന പൂമ്പാറ്റയുടെതാണെന്ന്
ആരാണ് എന്നോട് ശാസ്ത്രം പറഞ്ഞതു ?

ഏണി കേറുമ്പോള്‍ നീ പറഞ്ഞു
ക്ലാസ്സ് മുറി ശലഭങ്ങളുടെ ശവ കുടീരം ആണെന്ന്
എനിക്ക് തോന്നുന്നു
സ്വാതന്ത്ര്യ ചിറകുള്ള കുരുവികളുടെ താവളം ആണെന്ന്

കൂട്ടുകാരി എനിക്കിഷ്ടം പക്ഷിചില്ലകളല്ല
നെഞ്ചിന്‍ കൂടാണ്

ബുധനാഴ്‌ച, സെപ്റ്റംബർ 9

പ്രണയം

കാട്ടിലൂടെ നടക്കുമ്പോള്‍
വീട് കണ്ടപോലെ തോന്നി
ആദ്യം കണ്ടപ്പോള്‍

ആദ്യം കേട്ടപ്പോള്‍
വര്‍ണ്ണ ചിറകുപോലെ
വാക്കുകള്‍.

ഇന്നലത്തെ നിന്‍റെ നുണ
നെല്ലിക്കപോലെ
മധുരിച്ചു

ഇടം കൈവണ്ണയിലെ മുറിവ്
എന്‍റെ ഹൃദയത്തില്‍
വാള്‍ കടത്തി.

ഒരു ദിവസം
സ്നേഹം കൊണ്ടു പൊറുതി മുട്ടി
ആറു വട്ടം നിന്നെ വിളിച്ചു


സ്വന്തമെന്നാണ് ധരിച്ചത്;
പാല്‍പ്പല്ല് പോലെ
പറിച്ചു കളയാന്‍ വയ്യ!!

ബുധനാഴ്‌ച, ഓഗസ്റ്റ് 26

ഒന്നിന്

എപ്പോഴും തോന്നുമിതിന്.
ഒരു വേലിമ ഉചിതമാണ് നാട്ടില്‍
നഗരത്തില്‍
അന്‍പതിന്റെ തുട്ടു തരും
സൗകര്യം.

മുട്ടുന്നു മുട്ടുന്നു എന്ന്
ചങ്ങാതിയോട്‌ തിരക്ക് കൂട്ടുമ്പോള്‍
വീട്ടില്‍ ആയിരുന്നെങ്കിലെന്നു
തോന്നും .

കളിക്കാനിറങ്ങും മുന്‍പ്
നടക്കാനിറങ്ങും മുന്‍പ്
വീട്ടില്‍ നിന്നിറങ്ങും മുന്‍പ്
പോകും
അതാണ് പതിവ്.

പതിവ് തെറ്റിച്ചാല്‍
പലതും വരും;
തിരക്കുള്ള ബസ്സില്‍ നിന്ന്,
ക്ലാസ്സ് മുറിയില്‍ നിന്ന്,
ഇടയ്ക്കിറങ്ങി പോകണം;
ഇടമുണ്ടോ എന്ന് തിരക്കണം;
അപ്പുറത്ത് നിന്ന്
ഒരു സ്ത്രീ വരുന്നത്
കണ്ടില്ലെന്ന് നടിക്കണം.

എപ്പോഴുമിങ്ങനെ
ഭൂമി നനച്ചു നടക്കുമ്പോള്‍
കുട്ടിക്കാലത്ത്
മുറ്റത്തെ ചെടി പോലും നനച്ചില്ലെന്നോര്‍ക്കും;
അതാണ് സങ്കടം.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20

ആകാശം നോക്കി

ആകാശം കാണും നേരം
അമ്മയെ കാണും പോലെ
നക്ഷത്രമെണ്ണിത്തീര്‍ക്കാന്‍
സങ്കടം വിരലില്ല .

അമ്പിളിമാമന്‍ എന്തേ
പിന്നാലെ കൂടുന്നിപ്പോള്‍
അമ്മയെപ്പോലെതന്നെ
വഴിയില്‍ കൂടെ പായാന്‍..

ടോര്‍ ച്ചൊന്നു തെളിക്കുമോ-
ആകാശത്തിരുട്ടിലേ;-
ക്കൊളിച്ചു കളിക്കുന്നു
കുറുമ്പന്‍, പിടിച്ചോളാം.

കണ്ണുകള്‍ കഴച്ചാലും
സാറ്റ്‌ അടിക്കാതെയിനി
വീട്ടിലെക്കില്ലേയില്ല
കൂട്ടാരുമില്ലെങ്കിലും .

ആകാശം നോക്കി,ക്കുത്തി-
യിരിപ്പ് സദാനേരം
വെളിച്ചം തരേണമേ
ഇരുളിന്‍ കയം കാണാന്‍.