ചൊവ്വാഴ്ച, മാർച്ച് 30

കവിതയുടെ സംശയങ്ങള്‍

1
തട്ടമിട്ട നാണം പോലെയോ വാക്ക് വരുന്നത് .

വാക്കിന്‍റെ വിരലില്‍ തൂങ്ങി കവിത ചോദിക്കും
സന്ദേഹി ആക്കുന്നതെന്തു ?
2
ഗറില്ലാമുറയില്‍ ഒളിപ്പോരിടങ്ങളില്‍
സാഹസത്തോടെ പുഞ്ചിരിക്കയാണ് വാക്കുകള്‍
സ്വര ലഹരികള്‍ വ്യഞ്ഞജനങ്ങളാല്‍ ബന്ധിതമെങ്കിലും
അക്ഷരങ്ങളുടെ അഹന്തയെ തല്ലിക്കെടുത്തുകയാണ് വാക്കുകള്‍ .

കവിയുടെ പദാവലി വരണ്ടെങ്കിലെന്തു ?

3
പുഴകള്‍ മെലിഞ്ഞു ആഴത്തിലൊതുങ്ങുമ്പോള്‍
ബുദ്ധി പരീക്ഷ നടത്തി നാം
പുഴയ്ക്കു സുന്ദരി പട്ടം ചാര്‍ത്താന്‍ കവികളല്ലേ ചിതം ?

4
വാക്കിന്‍റെ ജീന്‍ പരീക്ഷണ ശാലയില്‍ സൂക്ഷിച്ചു വെച്ചത്രേ
ക്ലോണിംഗ് മറന്നു പോയാല്‍ നാം എന്ത് ചെയ്യും ?

5
കവി
മക്കൊണ്ടെയുടെ
ശുദ്ധ മലയാളം തിരയുന്ന
ദുസ്വപ്നം കണ്ടു
കവിത ഞെട്ടി എണീറ്റു !!!

വ്യാഴാഴ്‌ച, മാർച്ച് 25

ചൂട്

തിരക്കുള്ള ബസ്സില്‍ കയറിയാല്‍
പെണ്ണിന്‍റെ ചൂട് കിട്ടും ;
അത് വേണ്ട
ഒട്ടും ഓര്‍മിപ്പിക്കില്ല അമ്മയെ .

പണ്ട്
ചൂടുള്ള ഒരു ഉടലില്‍ കുടുങ്ങിപ്പോയിട്ടുണ്ട്
മുലപ്പാലിന്‍റെ മണമായിരുന്നു .
പിന്നീട്
ഒരു കാറ്റിലും ആ മണം വന്നിട്ടില്ല ;
വരരുതെന്ന് അമ്മ താക്കീതു ചെയ്തിരുന്നു ;
പോകരുതെന്ന് ഞാനും .

ചൊവ്വാഴ്ച, മാർച്ച് 2

അമ്മൂമ്മ

അമ്മൂമ്മ ചെറുതായിരുന്നു.

ഞൊറിയിട്ട വെള്ളമുണ്ടും
വെള്ള ചട്ടയും ഇട്ട്
കുനിഞ്ഞു നടക്കും ;
കുന്തം കാലില്‍
കഞ്ഞി കുടിക്കാനും
മുറുക്കാനും ഇരിക്കും .

അമ്മൂമ്മ വയസ്സായി വയ്യാതായപ്പോള്‍
അമ്മ
കരുതലോടെയും സ്നേഹത്തോടെയും
പറഞ്ഞു :
ചാണകം മെഴുകിയ നിലത്തു
അമ്മയെ കിടത്തേണ്ട .
ആശാരി ജോസേട്ടന്‍ പണിതിട്ട ഒറ്റ കട്ടിലില്‍
കയറു പാകിയപ്പോള്‍
അമ്മൂമ്മയെ കട്ടിലിലെക്കെടുത്തു കിടത്തി .

മുറുക്കാന്‍ പെട്ടിയിലിരുന്നു
വെറ്റിലയും അടക്കയും ഉണങ്ങി ...
പുതിയ വട്ട കോളാമ്പിയില്‍
അമ്മൂമ്മ വെളിക്കിരുന്നു.
'കൊച്ചുക്ടാസ' എന്നും
'പൌശന്യമേ ' എന്നും
അമ്മൂമ്മ വിളിക്കാതായി......

അമ്മൂമ്മ മരിച്ചപ്പോള്‍
ഞങ്ങള്‍ പൂ പറിക്കാന്‍ പോയി
ചെമ്പരത്തിപ്പൂവും ചെത്തിപ്പൂവും
ജമന്തിയും കിട്ടി ........
തുഞ്ചാനത്തെ മഞ്ഞ കോളാമ്പിപ്പൂ
ചെറുപ്പത്തിനെത്താത്ത ഉയരത്തില്‍
കാറ്റിലാടി .........

അമ്മ ഇരുന്ന് കരഞ്ഞു .
ആളുകള്‍ മുറ്റത്ത്‌ നിറഞ്ഞപ്പോള്‍
തൊമ്മനച്ചന്‍ പാന പാടി ....
ഇരട്ട മണി അടിച്ച്
അമ്മൂമ്മയെ പള്ളിയില്‍ കൊണ്ട് പോയി ...

അമ്മൂമ്മ വലുതായിരുന്നു !!!