വ്യാഴാഴ്‌ച, ഏപ്രിൽ 5

ചരിതം 1

എഴുത്തഛന്‍
കാഞ്ഞിരം മധുരിപ്പിച്ചിട്ടും
മലയാളത്തില്‍
മധുരം നന്നേ കുറവ്.

പരശുരാമന്‍
മഴു എറിഞ്ഞിട്ടും
കേരളം
ഒരു പച്ച മരുഭൂമി.

ബുധനാഴ്‌ച, ഫെബ്രുവരി 1

അണിയുമ്പോള്‍!!

അകമേ നിന്നെ
അണിയുമ്പോള്‍
ചന്തമുണ്ടെന്ന്
എല്ലാവരും പറയും.

അണിയാനിഷ്ടമുള്ള വേഷം
അണിയുമ്പോള്‍
വൈരൂപ്യം
മാഞ്ഞു പോകുന്നുണ്ടാകും.

ചുളിവില്ലാത്ത
ഒറ്റ വസ്ത്രം പോലെ
ഉണര്‍വ്വിലെപ്പോഴും
നിന്നെ അണിയും.

അണിഞ്ഞിരിക്കുമ്പോള്‍
പൂമ്പാറ്റച്ചിറകുകള്‍ വരും;
നിറയെ മധുരിക്കുന്ന
ഒരു പൂ മാത്രം
ഓര്‍മ്മയില്‍ നിറയും.

സൂര്യോദയത്തില്‍
ധ്രുവ ഹിമം പോലെ
ഒഴുകിപ്പരക്കും....
പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍
ആരിതെന്ന്
ചിറകുയര്‍ത്തും.
അടയാളമില്ലാതെ
അപ്പോഴും
അലിഞ്ഞു മായും.

അകമേ നാം
അണിയുമ്പോള്‍
ഒരു പുഴ
അണിഞ്ഞൊഴുകുന്നുണ്ടാകും.

വെള്ളിയാഴ്‌ച, ജനുവരി 27

കാറ്റെന്നോ മഴയെന്നോ

ചിറകൊടിഞ്ഞ കിളി
മരത്തിന്‍റെ തുഞ്ചത്ത്
കാറ്റിലാടാന്‍
കാത്തിരുന്ന പോലെ;
മണ്ണില്‍ കാല്‍വിരലുകള്‍ ആഴ്ത്തി
വേര് വരും എന്ന്,
ഇല പൊടിയുമെന്ന്
കാത്തിരുന്നു.

കമിഴ്ത്തി വെച്ച
കുടം പോലെ
വാര്‍ന്നു പോകുമ്പോള്‍;
ഒരു
നീര്‍ച്ചോല പോലെ വരുമെന്ന്,
ഒറ്റത്തിരി നാളം പോലെ
വെളിച്ചമാകുമെന്ന്
കാത്തിരുന്നു.

കാത്ത് കാത്തിരിക്കുമ്പോള്‍
തൂണിലും തുരുമ്പിലും
കലര്‍ന്ന്,
കാറ്റെന്നോ
മഴയെന്നോ
മണ്ണെന്നോ
പേരില്ലാതെ
അറിയപ്പെടാതായി.

ശനിയാഴ്‌ച, ഡിസംബർ 17

നിഴലില്ലാത്ത ഒരു പുഷ്പം പോലെ !!

നിഴലില്ലാത്ത ഒരു പുഷ്പം പോലെ
ഉടല്‍ വേദനിച്ചുകൊണ്ടിരിക്കുന്നു.
അഴുകിപ്പോകാത്ത ഹിമാനികളും
ഉരുകി ഒലിക്കാത്ത
ഗിരിശൃംഗങ്ങളും പൊതിയുന്നു.
അകമേ ചൂടുള്ള ഒരു വന്യമൃഗം
പേരിട്ടു വിളിക്കുന്നു.
ഒരു കെണിയിലും പെടാതെ
ഇരയെത്തിരയുന്ന വന്യതയാകുന്നു.

പൂമ്പാറ്റകളുടെയും
അപ്പൂപ്പന്‍ താടികളുടെയും
കുട്ടിക്കാലം വരുന്നു....
ഓര്‍മകളുടെ
ഒരു ശിഖരം
ഓടിച്ചു കളയുന്നു


കണ്ണുകള്‍
അപാരതയിലേക്കുയര്‍ത്തി
ഒരു പുലരി
സ്വപ്നം കാണുന്നു

പ്രപഞ്ചം
പ്രകാശമാനമായ
ഒരു ഗോളമാക്കി
പറത്തിക്കൊണ്ട് പോകുന്നു.

കാലങ്ങള്‍ക്ക് മീതെ
കത്തിയെരിയാന്‍
ഊര്‍ജ്ജത്തിന്‍റെ
ഒരു ചിമിഴായ്
പരുവപ്പെടുന്നു

തിങ്കളാഴ്‌ച, ഡിസംബർ 5

വിരഹം

              1 
പൂവിട്ട മരം 
പൂമ്പാറ്റയും
കാറ്റും  വരണമേയെന്ന് 
ആശിക്കും.
കാറ്റു ഗതി മാറുമ്പോള്‍ 
ചിറകില്‍ ആയം കിട്ടാതെ 
പൂമ്പാറ്റ തളരുമ്പോള്‍ 
കാത്തിരിക്കുന്ന 
ഏതു പൂവും 
വേദനിക്കുന്നുണ്ടാകും.

             2
ശിരസ്സുയര്‍ത്തി 
കുതിച്ചു 
ചാടിക്കടക്കാന്‍ 
ഉത്സുകം 
കൊമ്പില്ലാത്തവന്‍. 
നിഴലുകള്‍ക്ക്
മറയായ്‌ നിന്ന്
മെരുക്കി
ലായത്തില്‍ തളയ്ക്കാം.ഞായറാഴ്‌ച, ഓഗസ്റ്റ് 21

നീ എന്‍റെ കടലാകാമോ?

ഉറകെട്ടു പോകാതിരിക്കാന്‍
നീ എന്‍റെ കടലാകാമോ ?
നിനക്ക് സ്നേഹത്തിന്‍റെ
ഒരു വിലാസം തരാം.

വറ്റാത്ത ഉറവയാകാന്‍
മഴക്കാടുകള്‍ പടര്‍ന്നു പിടിച്ച ഒരു മനസ്സ്
ഹൃദയത്തിന്‍റെ ഉച്ചിയില്‍ പരിപാലിക്കാം.

ദുസ്വപ്നത്തില്‍
പൂക്കാലങ്ങളുടെ ഇതളുകള്‍
ചിറകുകള്‍കൊണ്ട് തകര്‍ത്ത്
നീ
പറന്നേ പോയ്‌.

വെടിയുണ്ടകളുടെയും
പീറക്കല്ലുകളുടെയും
ഉന്നം
ഹിതകരമല്ലാത്ത മനസ്സ്
നിന്നെ മുറിവേല്‍പ്പിച്ചേയില്ല.

ആഴക്കടലില്‍
അവനവനില്‍ അഭയപ്പെടുംവരെ
ഒരു തിരയും നിശ്ചലമാകാറില്ല!!!ഞായറാഴ്‌ച, ഓഗസ്റ്റ് 14

നീ ഉടല്‍ അല്ലാതാകുന്നു!!


എന്‍റെ ധ്യാനം
നിന്‍റെ പുഷ്പത്തില്‍
തേനായ്‌ ഒഴുകിപ്പരക്കുന്നു.


പൂവ്വേ, ഇതളടരാത്ത പൂവ്വേ..
നിന്‍റെ വിടര്‍ന്ന ദളങ്ങളില്‍
ചുണ്ടുരസി
സ്നേഹം മര്‍മരം ചെയ്യുന്നു.
ഉടയാടകളില്ലാതെ
വിശുദ്ധ നിലാവായ്
നീ
ആനന്ദത്തിന്‍റെ ചിറകാകുന്നു ....
അനന്യമായ ഊര്‍ന്നുപോകലാകുന്നു.

ഒരു നിമിഷം
സ്പര്‍ശം അന്യമായ
ഊര്‍ജ്ജ പ്രവാഹമായി
നീ
ഉടല്‍ അല്ലാതാകുന്നു.

അത്മാവേയെന്നു
ഓണത്തുമ്പിച്ചിറകുപോലെ
നീ വിറയ്ക്കുന്നു
കിതയ്ക്കുന്നു.

എന്‍റെ ധ്യാനം
നിന്‍റെ പുഷ്പത്തില്‍
തേനായ്‌ ഒഴുകിപ്പരക്കുന്നു....