ശനിയാഴ്‌ച, ഡിസംബർ 17

നിഴലില്ലാത്ത ഒരു പുഷ്പം പോലെ !!

നിഴലില്ലാത്ത ഒരു പുഷ്പം പോലെ
ഉടല്‍ വേദനിച്ചുകൊണ്ടിരിക്കുന്നു.
അഴുകിപ്പോകാത്ത ഹിമാനികളും
ഉരുകി ഒലിക്കാത്ത
ഗിരിശൃംഗങ്ങളും പൊതിയുന്നു.
അകമേ ചൂടുള്ള ഒരു വന്യമൃഗം
പേരിട്ടു വിളിക്കുന്നു.
ഒരു കെണിയിലും പെടാതെ
ഇരയെത്തിരയുന്ന വന്യതയാകുന്നു.

പൂമ്പാറ്റകളുടെയും
അപ്പൂപ്പന്‍ താടികളുടെയും
കുട്ടിക്കാലം വരുന്നു....
ഓര്‍മകളുടെ
ഒരു ശിഖരം
ഓടിച്ചു കളയുന്നു


കണ്ണുകള്‍
അപാരതയിലേക്കുയര്‍ത്തി
ഒരു പുലരി
സ്വപ്നം കാണുന്നു

പ്രപഞ്ചം
പ്രകാശമാനമായ
ഒരു ഗോളമാക്കി
പറത്തിക്കൊണ്ട് പോകുന്നു.

കാലങ്ങള്‍ക്ക് മീതെ
കത്തിയെരിയാന്‍
ഊര്‍ജ്ജത്തിന്‍റെ
ഒരു ചിമിഴായ്
പരുവപ്പെടുന്നു

തിങ്കളാഴ്‌ച, ഡിസംബർ 5

വിരഹം

              1 
പൂവിട്ട മരം 
പൂമ്പാറ്റയും
കാറ്റും  വരണമേയെന്ന് 
ആശിക്കും.




കാറ്റു ഗതി മാറുമ്പോള്‍ 
ചിറകില്‍ ആയം കിട്ടാതെ 
പൂമ്പാറ്റ തളരുമ്പോള്‍ 
കാത്തിരിക്കുന്ന 
ഏതു പൂവും 
വേദനിക്കുന്നുണ്ടാകും.

             2
ശിരസ്സുയര്‍ത്തി 
കുതിച്ചു 
ചാടിക്കടക്കാന്‍ 
ഉത്സുകം 
കൊമ്പില്ലാത്തവന്‍. 




നിഴലുകള്‍ക്ക്
മറയായ്‌ നിന്ന്
മെരുക്കി
ലായത്തില്‍ തളയ്ക്കാം.