ചൊവ്വാഴ്ച, ഫെബ്രുവരി 16

പേരുമാറ്റാത്ത വിശപ്പ്‌

വിരുന്നു മേശയില്‍ നിന്നും
പലഹാരം
പോക്കറ്റിലാക്കി ;
അമ്മ വിളമ്പിയാലെ
വയറു നിറയൂ എന്ന്
വിശപ്പിനെ വിളിച്ച കുട്ടിക്കാലം .

ഇന്നും
അകലെ അകലെ ഇരിക്കുമ്പോള്‍
അമ്മ വിളിക്കാറുണ്ട് :
"എന്താ കഴിച്ചേ ? "
എന്ന് ചോദിയ്ക്കാന്‍.

ബാംഗ്ലൂരില്‍ ഉണ്ണിയെന്നും
ആലുവയില്‍ സെബാസ്റ്റ്യന്‍ എന്നും
മാളയില്‍ റിയാസെന്നും
വിശപ്പിനെ
പേരുമാറ്റി വിളിച്ചത്
അമ്മ അറിഞ്ഞിട്ടുണ്ടാകില്ല ;
പറയാഞ്ഞിട്ടല്ലെങ്കിലും .....

നിനക്ക് വിശക്കുമ്പോഴൊക്കെ
മുലക്കണ്ണ് വേദനിക്കാ റണ്ടെന്നു
അമ്മ പറഞ്ഞറിയിക്കാത്തതാകാം .

തോറ്റു തോപ്പിയിടുമ്പോഴൊക്കെ
നിന്‍റെ ചോറ്
നിനക്കായി വെച്ചിട്ടുണ്ടാകുമെന്ന്
പതം പറഞ്ഞ അമ്മേ,
അമ്മയോളം മധുരിക്കുന്നുണ്ട്
പേരു മാറ്റാത്ത വിശപ്പും.

3 അഭിപ്രായങ്ങൾ:

  1. “നിനക്ക് വിശക്കുമ്പോഴൊക്കെ
    മുലക്കണ്ണ് വേദനിക്കാ റണ്ടെന്നു
    അമ്മ പറഞ്ഞറിയിക്കാത്തതാകാം .

    തോറ്റു തോപ്പിയിടുമ്പോഴൊക്കെ
    നിന്‍റെ ചോറ്
    നിനക്കായി വെച്ചിട്ടുണ്ടാകുമെന്ന്
    പതം പറഞ്ഞ അമ്മേ,
    അമ്മയോളം മധുരിക്കുന്നുണ്ട്
    പേരു മാറ്റാത്ത വിശപ്പും. “


    കഴിഞ്ഞ ജന്മത്തിന്‍ നീയെന്റെ മകനായിരുന്നോ മോനേ.
    ഞാനൊന്നു തൊടുന്നു നിന്നെ, ഈ വരികള്‍ കൊണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. അമ്മയുടെ കൈ കൊണ്ടു വാരിത്തരുന്ന ഒരുരുളച്ചോറിനോളം സ്വാദുള്ള മറ്റൊരു ഭക്ഷണവുമില്ല ഈ ലോകത്ത്‌ അല്ലേ...?

    മറുപടിഇല്ലാതാക്കൂ