ബുധനാഴ്‌ച, ഫെബ്രുവരി 17

ഓട് പൊളിക്കേണ്ട; ചുമരും !!

വീടിന്‍റെ തെക്കേ മുറി
എന്‍റെ അല്ലായിരുന്നു;
തുരുമ്പിച്ച സൈക്കിളും
മാറാലയും
പഴയ ചാക്കും നിറഞ്ഞ
തേക്കാത്ത ചുമരുകളുള്ള
ആവാസ വ്യവസ്ഥയില്‍
ഇടയ്ക്കിടെ നുഴഞ്ഞു കേറിയിരുന്നെങ്കിലും !!

തെക്കേ പറമ്പ് വിറ്റു കിട്ടിയ കാശിന്
ചുമരുകള്‍ തേച്ചപ്പോള്‍
അമ്മൂമ്മയുടെ പഴയ പെട്ടിയും
പ്ലാസ്റ്റിക്‌ വയറു മേഞ്ഞ കസേരയും
നിരത്തിയിട്ട്
ഞാന്‍ കുടിയേറി .....

പുസ്തകം നിരത്താന്‍
വിരിച്ച പത്രത്താളില്‍
എം വി രാഘവന്‍
പാര്‍ട്ടിയുടെ പടിയിറങ്ങി വരുന്നുണ്ടായിരുന്നു .

തെക്കേ ജനലില്‍ കാതമര്‍ത്തി നിന്ന്
രാജീവ് വധിക്കപ്പെട്ടെന്നറിഞ്ഞു .
പടിഞ്ഞാറെ ജനലില്‍
അതിഥികളും
പന്തം കൊളുത്തി ജാഥകളും
പള്ളി പ്രദക്ഷിണങ്ങളും
രേഖാ ചിത്രം വരച്ചു പോയി .....

ഉറക്കെ ചൊല്ലിപ്പഠിച്ച പാഠങ്ങളും
കവിതകളും
ഈ മുറി
ലോകത്തോട്‌ പ്രക്ഷേപണം ചെയ്തു .

വീടിന്‍റെ തെക്കേ മുറി
വാതിലില്ലാത്ത സ്വകാര്യതയില്‍
ആദ്യത്തെ കവിതയും
ആദ്യത്തെ പ്രണയവുമായി .


വീട് പൊളിക്കുമ്പോള്‍
ഇളകാത്ത ഇഷ്ടികകളുള്ള
തെക്കേ മുറി പൊളിക്കേണ്ട !
ഓട് പൊളിക്കേണ്ട ; ചുമരും .

വീട് പൊളിക്കുമ്പോള്‍
ഈ മുറി പൊളിക്കേണ്ട
ഈ മുറിയുള്ള വീട്
പൊളിക്കേണ്ട;
സ്വപ്നത്തിലെങ്കിലും.

6 അഭിപ്രായങ്ങൾ:

  1. വീടു പൊളിച്ചാലും
    ഓടു പൊളിച്ചാലും
    ചുവരു പൊളിച്ചാലും,
    തെക്കെ മുറി പൊളിച്ചാലും,
    ആദ്യകവിതയും,
    പ്രണയവും അനാവൃതമായി പോയാലും
    ഓര്‍മ്മകളെ ആരു പൊളിച്ചു മാറ്റും?

    പ്രിയപ്പെട്ടൊരു കിഴക്കെ മുറി ഓര്‍മ്മപ്പെടുത്തി.

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. തെക്കെ മുറിയിലും മച്ചിന്‍ പുറത്തും ഒളിഞ്ഞിരിക്കുന്ന ഓര്‍മ്മകളെ എപ്പോഴാണാവോ പൊളിച്ച് മാറ്റുക..

    മറുപടിഇല്ലാതാക്കൂ
  3. ഗൃഹാതുരുത്വം നിറഞ്ഞ വരികള്‍

    മറുപടിഇല്ലാതാക്കൂ
  4. വീട് പൊളിക്കുമ്പോള്‍
    ഈ മുറി പൊളിക്കേണ്ട
    ഈ മുറിയുള്ള വീട്
    പൊളിക്കേണ്ട;
    സ്വപ്നത്തിലെങ്കിലും.

    എന്തിനോർമിപ്പിച്ചു..എന്റെയാ പഴയ മുറിയെ...?

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ വീടുകള്‍ക്കും ഒരു തെക്കേമുറി ഉണ്ടെന്നും
    അതിലാണ് ചുവന്ന കൊടികളും ബാനറുകളും പോസ്റ്റര്‍ മഷി - കടലാസുകളെല്ലാം സൂക്ഷിക്കാറെന്നും എനിക്കു തീര്‍ച്ചയായി.

    മറുപടിഇല്ലാതാക്കൂ