ചൊവ്വാഴ്ച, മാർച്ച് 2

അമ്മൂമ്മ

അമ്മൂമ്മ ചെറുതായിരുന്നു.

ഞൊറിയിട്ട വെള്ളമുണ്ടും
വെള്ള ചട്ടയും ഇട്ട്
കുനിഞ്ഞു നടക്കും ;
കുന്തം കാലില്‍
കഞ്ഞി കുടിക്കാനും
മുറുക്കാനും ഇരിക്കും .

അമ്മൂമ്മ വയസ്സായി വയ്യാതായപ്പോള്‍
അമ്മ
കരുതലോടെയും സ്നേഹത്തോടെയും
പറഞ്ഞു :
ചാണകം മെഴുകിയ നിലത്തു
അമ്മയെ കിടത്തേണ്ട .
ആശാരി ജോസേട്ടന്‍ പണിതിട്ട ഒറ്റ കട്ടിലില്‍
കയറു പാകിയപ്പോള്‍
അമ്മൂമ്മയെ കട്ടിലിലെക്കെടുത്തു കിടത്തി .

മുറുക്കാന്‍ പെട്ടിയിലിരുന്നു
വെറ്റിലയും അടക്കയും ഉണങ്ങി ...
പുതിയ വട്ട കോളാമ്പിയില്‍
അമ്മൂമ്മ വെളിക്കിരുന്നു.
'കൊച്ചുക്ടാസ' എന്നും
'പൌശന്യമേ ' എന്നും
അമ്മൂമ്മ വിളിക്കാതായി......

അമ്മൂമ്മ മരിച്ചപ്പോള്‍
ഞങ്ങള്‍ പൂ പറിക്കാന്‍ പോയി
ചെമ്പരത്തിപ്പൂവും ചെത്തിപ്പൂവും
ജമന്തിയും കിട്ടി ........
തുഞ്ചാനത്തെ മഞ്ഞ കോളാമ്പിപ്പൂ
ചെറുപ്പത്തിനെത്താത്ത ഉയരത്തില്‍
കാറ്റിലാടി .........

അമ്മ ഇരുന്ന് കരഞ്ഞു .
ആളുകള്‍ മുറ്റത്ത്‌ നിറഞ്ഞപ്പോള്‍
തൊമ്മനച്ചന്‍ പാന പാടി ....
ഇരട്ട മണി അടിച്ച്
അമ്മൂമ്മയെ പള്ളിയില്‍ കൊണ്ട് പോയി ...

അമ്മൂമ്മ വലുതായിരുന്നു !!!

3 അഭിപ്രായങ്ങൾ: